ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എ.ഐ.സി.സി ആസ്ഥാനത്ത് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുക. പ്രകടന പത്രികക്ക് അന്തിമ രൂപം നൽകാൻ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

കാര്‍ഷിക കടം എഴുതി തള്ളല്‍, തൊഴിലവസരം സൃഷ്ടിക്കാനായുള്ള പദ്ധതികള്‍, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടാകും. മിനിമം വരുമാന പദ്ധതിയായ ന്യായ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പത്രികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അധികാരത്തിൽ എത്തിയാൽ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകൾ നികത്തും. നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷൻ പുനഃസ്ഥാപിക്കും, ജി.എസ്.ടിയിലെ പോരായ്മകൾ പരിഗണിക്കുന്നതിനുള്ള ബദൽ നിര്‍ദ്ദേശങ്ങൾ, കര്‍ഷകര്‍, തൊഴിലാളികൾ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉണ്ടായേക്കും.

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതി സംരക്ഷണം, പാവപ്പെട്ടവര്‍ക്ക് നിയമ സഹായം, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് രക്തസാക്ഷി പദവി, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ നടപടികൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്ത് പത്രിക തയ്യാറാക്കിയത്.

Top