എണ്ണക്കപ്പലുകള്‍ക്കുനേരെ ഉണ്ടായ ആക്രമണം: പിന്നില്‍ ‘അകത്തുനിന്നുള്ളവര്‍’ എന്ന് യു.എ.ഇ

അബുദാബി: യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിന് സമീപം സൗദി, യു.എ.ഇ., നോര്‍വേ എന്നീ രാജ്യങ്ങളുടെ നാല് എണ്ണക്കപ്പലുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ‘അകത്തുനിന്നുള്ളവര്‍’ തന്നെയെന്ന് യു.എ.ഇ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് നല്‍കിയ പ്രാഥമികറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘സങ്കീര്‍ണവും ഏകീകൃതവുമായ ഒരു സംവിധാനമാണ് ആക്രമണം നടത്തിയത്. യു.എ.ഇ.യുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ക്കടന്ന് ആക്രമണം നടത്താന്‍കഴിയുന്ന ബോട്ടുകളുപയോഗിച്ചുള്ള നീക്കത്തിന് വിദഗ്ധ നിയന്ത്രണം ആവശ്യമാണ്’ -സൗദി, നോര്‍വേ എന്നീ രാജ്യങ്ങള്‍ക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ യു.എ.ഇ. പറഞ്ഞു.

കഴിഞ്ഞ മേയ് 12-നാണ് യു.എ.ഇ. തീരത്ത് സൗദിയുടേതുള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം നടന്നത്. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്നാണ് യു.എസ്. ആരോപിക്കുന്നത്. എന്നാല്‍, ഇറാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. യു.എ.ഇയുടെ റിപ്പോര്‍ട്ടിലും ഇറാന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

Top