എണ്ണ ഉത്പാദനം വര്‍ധിപ്പിക്കില്ല; ട്രംപിന്റെ ആവശ്യം ഒപെക് തള്ളി

Crude oil

ദോഹ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം പെട്രോളിയം കയറ്റുമതി രാജ്യസംഘടന(ഒപെക്) തള്ളി. ജൂണില്‍ തീരുമാനിച്ച ഉത്പാദന നിയന്ത്രണം പൂര്‍ണമായും പാലിക്കാന്‍ അല്‍ജീരിയയില്‍ ഒപെകും സംഘടനയില്‍ ഇല്ലാത്ത റഷ്യയും ചേര്‍ന്നുള്ള യോഗം തീരുമാനിച്ചു.

ഈ മാസം ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 80 ഡോളര്‍ കടന്നിരുന്നു. ഇതോടെ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യമായി ട്രംപ് രംഗത്തെത്തിയത്.

ഓഗസ്റ്റില്‍ ക്രൂഡോയില്‍ ഉത്പാദനം പ്രതിദിനം ആറു ലക്ഷം ബാരല്‍ കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഇതു ലക്ഷ്യമിട്ടതിനേക്കാള്‍ 27% അധികമായതിനാല്‍ നിയന്ത്രണ കരാര്‍ പാലിച്ചു തന്നെ ഉത്പാദനം വര്‍ധിപ്പിക്കാനും ഒപെക് രാജ്യങ്ങള്‍ക്കു കഴിയും. എണ്ണ വില ബാരലിന് 80 ഡോളര്‍ കടന്നെങ്കിലും പിന്നീട് 78.80 ഡോളറിലേക്കു താഴ്ന്നിരുന്നു.

നവംബര്‍ 11ന് അബുദാബിയില്‍ ഒപെക് രാജ്യങ്ങളും ഒപെകും സംഘടനയില്‍ ഇല്ലാത്ത റഷ്യയും ചേര്‍ന്നു പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും. കുറേനാളായി റഷ്യ ഒപെകുമായി സഹകരിച്ചാണു നീങ്ങുന്നത്.

Top