അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവ്; 108 ഡോളറിലേക്ക്

ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അമേരിക്ക നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് എണ്ണ വില കുറയാൻ കാരണം.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറിൽപ്പരം കുറഞ്ഞ് 108 ഡോളറിൽ എത്തി. ജൂൺ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരൽ എണ്ണയുടെ വില.

അമേരിക്കയിൽ അടുത്തകാലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിൽ ജനം പൊറുതിമുട്ടുന്ന വേളയിൽ ഇന്ധനനികുതി ഇളവിന് ജോ ബൈഡൻ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ പ്രതിഫലിച്ചത്.

ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വില കുറയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. പണപ്പെരുപ്പനിരക്ക് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് വിലക്കയറ്റം പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കേന്ദ്രം അടുത്തിടെ കുറവുവരുത്തിയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ ഇതിന്റെ ആനുകൂല്യം ജനങ്ങൾക്ക് കൈമാറാൻ എണ്ണവിതരണ കമ്പനികൾ തയ്യാറാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Top