എണ്ണ വില കുറച്ചതിലൂടെ കമ്പനികള്‍ക്ക് നഷ്ടം 9,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

മുംബൈ: പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചതോടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ നഷ്ടം 9,000 കോടി രൂപ.

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരതി പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ക്കാണ് ഇത്രയും നഷ്ടമുണ്ടാകുക.

വന്‍ നഷ്ടം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരി വിലയില്‍ 30 ശതമാനത്തോളം നഷ്ടമുണ്ടായി.

വ്യാഴാഴ്ചയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 2.50 രൂപ കുറച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 1.50 രൂപ മാത്രമാണ് സര്‍ക്കാര്‍ കുറച്ചത്. ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികള്‍ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇന്ധന വില ഉയര്‍ന്നതോടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് മെയ് മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. ഓഗസ്റ്റ് പകുതിയോടെ എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങി. ഡല്‍ഹിയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 84 രൂപയും ഡീസലിന് 75.45 രൂപയുമായിരുന്നു.

Top