എണ്ണവില മൈനസിലായിട്ടും മാറ്റമില്ലാതെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില

യുഎസില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് നെഗറ്റീവ് നിലവാരത്തിലെത്തി. അതായത് തിങ്കളാഴ്ച വെസ്റ്റ് ടെക്സാസ് ഇന്റര്‍ മീഡിയറ്റ് ബെഞ്ച്മാര്‍ക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തിയെന്ന് സാരം. മെയ് മാസത്തെ കരാര്‍ ഏപ്രില്‍ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്.

ബെഞ്ച്മാര്‍ക്ക്സൂചികയില്‍ മെയിലെ കരാര്‍ സ്വന്തമാക്കിയവര്‍ എണ്ണ എടുക്കാന്‍ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാന്‍ തയ്യാറാകുകയോ ചെയ്യാതിരുന്നതാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്താന്‍ ഇടയാക്കിയത്.

എന്നാല്‍ ആദ്യമായി യുഎസ് ക്രൂഡ് ഓയില്‍ നിരക്ക് പൂജ്യം ഡോളറിന് താഴേക്ക് പോയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല.
ചില സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ് നികുതി കൂടിയത് കാരണം മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാവുകയാണ് ചെയ്തത്.

ഇന്ത്യയിലെ ഇന്ധന വിലയില്‍ സ്വാധീനമുളള ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഈ വര്‍ഷം ഇതുവരെ 60 ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍, ഡീസലിന്റെ വിലയില്‍ 10 ശതമാനവും പെട്രോളിന്റെ വിലയില്‍ 8.5 ശതമാനത്തിന്റെയും കുറവ് മാത്രമാണുണ്ടായത്. ജനുവരി 11 ലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഈ കുറവുണ്ടായത്.

ഇന്ധന റീട്ടെയിലര്‍മാര്‍ ഒരു മാസത്തിലേറെയായി രണ്ട് ഇന്ധനങ്ങളുടെയും വില്‍പ്പന വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. മാര്‍ച്ച് 16 നാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി കുറച്ചത്.

Top