ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചാല്‍ പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്ന്‌ ഇറാന്‍

oil-production

ന്യൂഡല്‍ഹി: എണ്ണ ഇറക്കുമതി സംബന്ധിച്ചും ചാബഹാര്‍ തുറമുഖ വികസനം സംബന്ധിച്ചും ഇന്ത്യക്കു വിമര്‍ശനവുമായി ഇറാന്‍ രംഗത്ത്. ചാബഹാര്‍ തുറമുഖ വികസനത്തിന് നിക്ഷേപം നടത്താമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാത്ത ഇന്ത്യ, എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ രാജ്യത്തിന് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നാണ് ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റെസ്‌വാനിയന്‍ റഹാഗി പറയുന്നത്.

ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പുനല്‍കിയിരുന്ന നിക്ഷേപം ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ ഇന്ത്യ അടിയന്തിര നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹാഗി പറഞ്ഞു.

ഇറാനില്‍ നിന്നല്ലാതെ സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇന്ത്യക്കു നല്‍കിവരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നാണ് റഹാഗി വ്യക്തമാക്കിയത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു.

Top