റഷ്യയിൽ നിന്ന് എണ്ണ: ഇന്ത്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇയു; മറുപടിയുമായി എസ്. ജയശങ്കർ

ബ്രസ്സൽസ് : റഷ്യയിൽനിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയനെതിരെ (ഇയു) ശക്തമായ മറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇയു വിദേശ നയ മേധാവി ജോസപ് ബോറൽ ആണ് ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. ബംഗ്ലദേശ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി അവസാനം ബെൽജിയത്തിൽ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യയെ വിമർശിക്കുന്നതിനു മുൻപ് ഇയു കൗൺസിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്നാണ് ജയ്ശങ്കറിന്റെ മറുപടി. ‘‘റഷ്യയിൽനിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉൽപ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യൻ ആയിട്ടല്ല കണക്കാക്കുന്നത്. കൗൺസിലിന്റെ ചട്ടം 833/2014 നോക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്’’ – അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.

‘‘യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ റഷ്യയുമായുള്ള ഞങ്ങളുടെ വ്യാപാരം വളരെ കുറവാണ്. 12–13 ബില്യൻ യുഎസ് ഡോളറേ വരുന്നുള്ളൂ. ഞങ്ങൾ റഷ്യയ്ക്കും ചില ഉൽപ്പന്നങ്ങൾ കൊടുക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ വ്യപാരം വർധിപ്പിക്കാനാണ് നോക്കുക. അതിനപ്പുറം അതിൽ ചിന്തിക്കേണ്ട കാര്യമില്ല’’ – ഡിസംബറിൽ ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബേർബോക്കിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യയിൽനിന്നുള്ള ക്രൂഡ് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസൽ ആയി വിൽക്കുന്നുവെന്നതാണ് ബോറലിന്റെ ആരോപണം. ഉപരോധമേർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ഇന്ത്യ അതിനൊപ്പം നിൽക്കാത്തതാണ് ബോറലിന്റെ പ്രസ്താവനയ്ക്കു പിന്നിൽ.

അതേസമയം, ബോറലും ജയശങ്കറും ബ്രസൽസിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ബോറൽ പങ്കെടുത്തില്ല. തിങ്കളാഴ്ചയാണ് ജയശങ്കർ ബ്രസൽസിൽ എത്തിയത്. ജയശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ, സാങ്കേതിക വിദ്യാ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Top