കെഎസ്ആര്‍ടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആര്‍ടിസിയെ ബള്‍ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റര്‍ ഡീസലിന് 98.15 രൂപയാണ് ഇനി മുതല്‍ കെഎസ്ആര്‍ടിസി നല്‍കേണ്ടി വരിക.

സ്വകാര്യ പമ്പുകള്‍ക്ക് 91.42 രൂപയ്ക്ക് ഡീസല്‍ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റര്‍ ഡിസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോര്‍പറേഷന് ഉണ്ടാവുക.

ഒരു മാസം ഇതേ നിരക്കില്‍ എണ്ണ വാങ്ങേണ്ടി വന്നാല്‍ 11.10 കോടി രൂപ കെഎസ്ആര്‍ടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബള്‍ക് പര്‍ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ 50000 ല്‍ കൂടുതല്‍ ഡീസല്‍ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി മാത്രമാണ്.

Top