ജനത്തിന് പൊള്ളുന്നു; കൊള്ളലാഭം ഊറ്റി എണ്ണകമ്പനികൾ

oil

കൊച്ചി: അനുദിനം കത്തിക്കയറുന്ന ഇന്ധന വിലയില്‍ രാജ്യത്തിനാകെ പൊള്ളുമ്പോള്‍ എണ്ണക്കമ്പനികള്‍ നേടുന്നതു വന്‍ ലാഭം. പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവയുടെ ഇക്കഴിഞ്ഞ ജൂലൈ – സെപ്റ്റംബര്‍ കാലയളവിലെ ആകെ അറ്റാദായം 11,354.28 കോടി രൂപ. ഐഒസിയും ബിപിസിഎലും ഓഹരി ഉടമകള്‍ക്ക് ആകര്‍ഷകമായ ഇടക്കാല ലാഭവീതമാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ലാഭവീതത്തിന്റെ ഗണ്യമായ വിഹിതം ലഭിക്കുന്നതാകട്ടെ ഡീസലിനും പെട്രോളിനും അതിഭീമമായ നികുതി വസൂലാക്കുന്ന കേന്ദ്ര സര്‍ക്കാരിനും. ഐഒസിയുടെ അറ്റാദായം 6235.39 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6160.70 കോടി മാത്രമായിരുന്നു അറ്റാദായം. മൊത്ത വരുമാനം 1,17,870.77 കോടിയായിരുന്നത് 1,72, 646.31 കോടിയിലേക്ക് ഉയര്‍ന്നിരിക്കുന്നു. പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല ലാഭവീതം 50 ശതമാനമാണ്.

ബിപിസിഎലിന്റെ ജൂലൈ – സെപ്റ്റംബര്‍ അറ്റാദായം 3200 കോടി രൂപ. മുന്‍ വര്‍ഷത്തെ 2589 കോടിയുടെ അറ്റാദായത്തെക്കാള്‍ 23.6% വര്‍ധന. പ്രവര്‍ത്തന വരുമാനത്തിലെ വര്‍ധന 53.7 ശതമാനമാണ്. ബിപിസിഎലും 50 ശതമാനമാണു ലാഭവീതം പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്പിസിഎല്‍ 1918.89 കോടി രൂപ അറ്റാദായം നേടി. ജൂലൈ – സെപ്റ്റംബര്‍ കാലയളവിലെ ആകെ വരുമാനം 88,085.42 കോടിരൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 62,439.86 കോടി മാത്രമായിരുന്നു ആകെ വരുമാനം.

 

Top