പാക്ക് സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു

ബലൂചിസ്ഥാന്‍: പാക്ക് സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറില്‍ നടന്ന ബോംബാക്രമണത്തിലാണ് പ്രതിമ തകര്‍ന്നത്. സ്ഫോടനത്തില്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞ ജൂണ്‍മാസത്തിലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. കനത്ത സുരക്ഷയുണ്ടെന്ന് കണക്കാക്കുന്ന സ്ഥലമാണിത്. പ്രതിമയുടെ ചുവട്ടില്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ചിതറുകയായിരുന്നു എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. വിഘനടവാദ സംഘടനയുടെ വക്താവ് ബാബ്ഗര്‍ ബലൂച് ട്വിറ്ററിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുന്നുവെന്നാണ് ഗ്വാദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുല്‍ കബീര്‍ ഖാന്‍ അറിയിച്ചത്. പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആക്രമണം നടന്ന സ്ഥലം.

ജിന്ന അവസാന ദിവസങ്ങള്‍ ചിലവഴിച്ച 121 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടവും ബലൂച് തീവ്രവാദികള്‍ നേരത്തെ ആക്രമിച്ചിരുന്നു.

Top