പൊതുമരാമത്ത് വകുപ്പില്‍ നടന്ന ക്രമക്കേടുകളില്‍ അ​ഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന ക്രമക്കേടുകളില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.

ആലപ്പുഴ ഡിവിഷനില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി, എറണാകുളം ഡിവിഷനില്‍ ക്ലാര്‍ക്കുമാരായ വി. ജയകുമാര്‍, പ്രസാദ് എസ്. പൈ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ഡിവിഷനില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ചെയ്യാത്ത പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി തുടങ്ങിയ കണ്ടെത്തലാണ് ഉണ്ടായത്. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സര്‍ക്കാരിന് നഷ്ടം വന്ന ഒരുകോടി എഴുപത്തിയേഴ് ലക്ഷം രൂപ ഇവരില്‍ നിന്നും ഈടാക്കാനും മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കി .

സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരായ എസ്.ഹുമയൂണ്‍, ബല്‍ദേവ്, ടി.എസ്. സുജാറാണി, ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എ. സലീന, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.എസ്. ജയരാജ്, ബെന്നി ജോണ്‍, എം.ടി. ഷാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ എസ്.ജെ. സജിന, എസ്.സുനില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. മെജോ ജോര്‍ജ്, ഫിനാന്‍ഷല്‍ അസിസ്റ്റന്റ് ജെറി ജെ. തൈക്കുടന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ശ്രീരേഖ, ഓവര്‍സിയര്‍ സി.കെ.സജീവ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Top