ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന; 7 ബോട്ടുകള്‍ പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു. ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകള്‍ക്ക് 1,20,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി.

ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും മൂന്ന് മോട്ടോര്‍ ബോട്ടുകളിലും ഒരു ബാര്‍ജിലുമാണ് പരിശോധന നടത്തിയത്. 13 ബോട്ടുകളുടെ രേഖകള്‍ ശരിയാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പോര്‍ട്ട് ചെക്കിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ പി ഷാബു, ടൂറിസം പോലീസ് എസ് ഐമാരായ പി ആര്‍ രാജേഷ്, ടി ജയമോഹനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി ശ്രീജ, ആര്‍ ജോഷിത്, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസിലെ എസ് ഐ ആല്‍ബര്‍ട്ട്, കോസ്റ്റല്‍ വാര്‍ഡന്‍ രഞ്ജിത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top