ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി

തിരുവനന്തപുരം: ഇന്ധനവില കൂടിയതോടെ, ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി. ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ് മുന്‍കൂര്‍ അനുവാദമില്ലാതെ വിമാനയാത്രനടത്താന്‍ അനുമതി. ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കുമാത്രമാണ് വിമാനയാത്ര അനുവദിച്ചിരുന്നത്.

നിലവില്‍ കാറുകളാണ് ഉന്നതോദ്യോഗസ്ഥര്‍ സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത കുറഞ്ഞ ആഡംബര വാഹനങ്ങളാണ് മിക്കവാറും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്. വിമാനയാത്ര അനുവദിക്കുന്നത് ചെലവുകുറയ്ക്കുകയേ ഉള്ളൂവെന്നാണ് ധനവകുപ്പിന്റെ വാദം.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്ക് വിമാനയാത്ര നടത്തിയശേഷം അനുമതി തേടുന്നതാണ് ഇപ്പോഴത്തെ പതിവ്.

അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വകുപ്പുമേധാവികളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവിനയോഗ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഉത്തരവില്‍ വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Top