ആദായനികുതി വകുപ്പിലെ അഴിമതികള്‍ക്ക് വിലങ്ങിട്ട് കേന്ദ്രം; നിര്‍ബന്ധിത വിരമിക്കല്‍…

ന്യൂഡല്‍ഹി: കേന്ദ്ര ആദായനികുതി വകുപ്പിലെ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് കത്ത് നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായവര്‍ക്കും അന്വേഷണം നേരിടുന്നവര്‍ക്കുമാണ് വിരമിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐആര്‍എസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആര്‍എസ്, 1989), ഹോമി രാജ്വാഷ് (ഐആര്‍എസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമര്‍ സിങ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടിസ്.വിവിധ വകുപ്പുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകള്‍ നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലന്‍സ് കമ്മിഷനും വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇവരില്‍ ചിലര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് വിചാരണ നേരിടുകയാണ്. ഇതിലൊരാള്‍ 1994മുതല്‍ 2014വരെ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനാണെന്നും കേന്ദ്രവൃത്തങ്ങള്‍ പറയുന്നു. കണക്കില്‍പ്പെടാത്ത കോടികളുടെ ആസ്തിയുള്ളവരാണ് പലരും. പ്രമുഖ വ്യവസായിയില്‍ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2009 മുതല്‍ സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി.മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കല്‍ നിര്‍ദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ കേന്ദ്രം പുറത്തു വിട്ടു.ഇനി ആരും മോഷ്ടിക്കുകയുമില്ല ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത്‌ കൊണ്ടുള്ള നടപടിയാണിതെന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Top