മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷന്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Narendra modi

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.ഒഡീഷയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മോദിയുടെ ഹെലികോപ്റ്ററില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു. എസ്.പി.ജി സുരക്ഷയുള്ളവര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. അതേസമയം, കമ്മിഷന്റെ നടപടിയില്‍ അസ്വഭാവികതയുണ്ടെന്നു ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.ജില്ലാ കളക്ടര്‍, ഡിഐജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എസ്.പി.ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് നടപടി.

Top