ശബ്ദരേഖ അമേരിക്കയിലയച്ച് പരിശോധിക്കാം; വീണ്ടും പോര്‍മുഖം തുറന്ന് ഗെലോട്ട്

ജയ്പുര്‍: വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു കൂറുമാറാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പുതിയ വെല്ലുവിളിയുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ശബ്ദരേഖ അമേരിക്കയില്‍ അയച്ച് ആധികാരികത പരിശോധിക്കുന്നതിനാണ് ഗെലോട്ട് വെല്ലുവിളിച്ചത്. കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യതാ വിഷയത്തില്‍ നിര്‍ണായക വിധി വെള്ളിയാഴ്ച രാവിലെ 10.30നു വരാനിരിക്കെയാണ് മുഖ്യമന്ത്രി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

ഹൈക്കോടതി വിധി എന്തായാലും ഗൂഢാലോചനാക്കേസുമായി മുന്നോട്ടു പോകുമെന്നും അയോഗ്യതാ നടപടികള്‍ ഉപേക്ഷിക്കില്ലെന്നുമുള്ളതിന്റെ സൂചനകളാണു മുഖ്യമന്ത്രി നല്‍കുന്നത്. കാരണംകാണിക്കല്‍ നോട്ടിസ് നീതികരിക്കാന്‍ പറ്റുന്നതാണോ എന്ന ചോദ്യവുമായാണു ചിലര്‍ കോടതിയില്‍ പോയിരിക്കുന്നത്.

കൂറുമാറ്റ നിരോധന നിയമവുമായി അതിന് ഒന്നും ചെയ്യാനില്ല. ഭൂരിപക്ഷമുണ്ടെന്നും നിയമസഭാ സമ്മേളനം വൈകാതെ ചേരുമെന്നും ഗെലോട്ട് പറഞ്ഞു. എംഎല്‍എമാരും എംപിമാരും മന്ത്രിയുമൊക്കെയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശബ്ദമൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും തങ്ങളുടെ ശബ്ദമല്ലെന്നു പറഞ്ഞു ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. അതൊന്നും നടക്കാന്‍ പോകുന്നില്ല, സത്യം ജയിക്കുകതന്നെ ചെയ്യും. രാജസ്ഥാന്‍ സര്‍ക്കാരിനെ വിശ്വാസമില്ലെങ്കില്‍ അവര്‍ അമേരിക്കയില്‍ അയച്ചു വേണമെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചോട്ടെയെന്നും ഗെലോട്ട് പറഞ്ഞു.

ജനാധിപത്യ രാജ്യമായതിനാലാണു പ്രധാനമന്ത്രിക്കു കത്തെഴുതിയത്. ഇതൊന്നുമറിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങളാണു കിട്ടിയതെന്നും പിന്നീടു പറയരുത്. പ്രധാനമന്ത്രി നല്ല പ്രാസംഗികനാണ്. രാജ്യത്തെ ജനങ്ങള്‍ മഹാമാരിയെ നേരിടുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ് ബിജെപി. ഇതു ജനം പൊറുക്കില്ല. കോണ്‍ഗ്രസിന്റെ ശക്തി രാജ്യത്തിന്റെ ശക്തിയാണ്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ കൃത്യമായ വിഷയങ്ങളിലാണ്. രാജ്യം അതു ശ്രദ്ധിച്ചു കേള്‍ക്കുന്നുമുണ്ട് ഗെലോട്ട് അഭിപ്രായപ്പെട്ടു.

Top