ഓഫ് റോഡ് റെയ്സ് കേസ്; നടൻ ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരായി

ഇടുക്കി: വാഗമൺ ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു.

അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്.വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം.

ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കളക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസാണ് പരാതി നൽകിയത്

Top