ഒഡീഷ നിയമസഭയിൽ സി.പി.എമ്മിന് ഒരു ആശ്വാസ ജയം !

ഭുവനേശ്വര്‍: രാജ്യത്ത് ചെങ്കൊടി പ്രസ്ഥാനം കനത്ത തിരിച്ചടി നേരിടുമ്പോള്‍ ഒരു ആശ്വാസജയം. ഒഡീഷ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മിന്നുന്ന ജയം.

ബോണായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ലക്ഷ്മണ്‍ മുണ്ട വിജയിച്ചത്. ബിജു ജനതാദളിലെ രഞ്ജിത്ത് കിഷാനെ 11594 വോട്ടിനാണ് മുണ്ട പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചിരുന്നില്ല. ബിജെപി മൂന്നാം സ്ഥാനത്താണ്.

ലക്ഷ്മണ്‍ മുണ്ട 2004ലും 2014 ലും ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2014ല്‍ ബിജു ജനതാദളിന്റെ തന്നെ ദയാനിധി കിസനെ 1818 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

ഖനനത്തിനും ഉരുക്ക് നിര്‍മ്മാണശാല ആരംഭിക്കാനുമായി പോസ്‌കോ കമ്പനിക്ക് മൂവായിരം ഹെക്ടര്‍ വനഭൂമി നല്‍കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രദേശമാണ് ബോണായ്.

ആസമരത്തിന്റെ മുന്‍നിരയില്‍ മുണ്ട ഉണ്ടായിരുന്നു. ഗിരിവര്‍ഗമേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തിയിട്ടുള്ള മുണ്ട മണ്ഡലത്തിലെ അടിയന്തര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ നിരാഹാരം ശ്രദ്ധേയമായിരുന്നു.

Top