ഒഡീഷ ട്രെയിന്‍ ദുരന്തം; മരിച്ചവരുടെ എണ്ണം 290 ആയി, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബീഹാര്‍ സ്വദേശി കൂടി ഇന്ന് മരിച്ചു. ഇനിയും 81 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 78 കുടുംബങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.

290 പേരുടെ ജീവനെടുത്ത ദുരന്തം അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും പരിശോധന നടത്തിയിരുന്നു. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയുടെ ലക്ഷ്യം. അതേസമയം, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. പരിക്കേറ്റ 200 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടം നടന്ന് ദിവസങ്ങള്‍ക്കു ശേഷവും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്.

ജൂണ്‍ 2നാണ് ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. അപകടത്തില്‍ 1,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡിഷ ട്രെയിന്‍ ദുരന്തം ഉണ്ടായതെന്ന് റെയില്‍വേ മന്ത്രി വിശദീകരിച്ചത്.

 

Top