എംഫാന്‍ ചുഴലിക്കാറ്റ് ; ഒഡീഷയില്‍ 7 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കുന്നു

ഭുവനേശ്വര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം എംഫന്‍ ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിക്കാനൊരുങ്ങി ഒഡീഷ. 12 ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

18-20 തീയതികളോടെ ഒഡീഷയുടെ വടക്കന്‍ മേഖലയിലേയ്ക്കും തുടര്‍ന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശംവിതയ്ക്കുക എന്നാണ് കണക്കുകൂട്ടുന്നത്. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ജില്ലകള്‍ ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ചുഴലിക്കാറ്റിന്റെ സ്ഥിതിയും സഞ്ചാരഗതിയും സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

കോവിഡിന്റെ സാഹചര്യംകൂടി പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പാര്‍പ്പിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കളക്ടര്മാരോട് നിര്‍ദേശിച്ചതായി സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ പി.കെ ജെന പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേനയും 20 സംഘങ്ങളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 17 സംഘങ്ങളെയും 335 യൂണിറ്റ് അഗ്‌നിശമന സേനാ വിഭാഗങ്ങളെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ എംഫന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മേയ് 18 രാവിലെയോടുകൂടി ശക്തമായ ചുഴിലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളില് വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍മഴയോടനുബന്ധിച്ച് ശക്തമായ മഴയും ശക്തമായ കാറ്റുംഇടിമിന്നലും മെയ് 20 വരെ തുടരാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top