ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ച് ഫോനി; 1000 കോടി ധനസഹായവുമായി പ്രധാനമന്ത്രി

ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇതുവരെ മൂന്ന് പേര്‍ മരിച്ചതായാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ വേളയില്‍ രാജ്യം ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ട് സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടിയാണ് സഹായമായി പ്രധാനമന്ത്രി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുരിയുടെ ചുറ്റുമുള്ള മേഖലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വര്‍, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റാണ് ഫോനി. മുപ്പതു വര്‍ഷത്തിനിടെ എത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയില്‍ വന്‍ സന്നാഹം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയിരിക്കുന്നത്. 12 സംഘങ്ങള്‍ ആന്ധ്രാപ്രദേശിലും ആറു സംഘങ്ങള്‍ പശ്ചിമബംഗാളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ മുപ്പതിലധികം സംഘങ്ങള്‍ ഏത് സാഹചര്യവും നേരിടാനായി സദാസമയവും തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

Top