Odisha: Minister makes PSO open sandal straps, says ‘I’m the VIP’

ഒഡീഷ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് കാലില്‍ ഇടീപ്പിച്ച ഒഡീഷ മന്ത്രിയുടെ നടപടി വിവാദത്തില്‍.

ഒഡീഷയിലെ കേന്‍ജാര്‍ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് ചെറുകിട വ്യവസായ മന്ത്രി യോഗേന്ദ്ര ബെഹ്‌റ തന്റെ സുരക്ഷാ ഉദ്യോസ്ഥനെ കൊണ്ട് ചെരുപ്പ് ഇടീച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക ഉയര്‍ത്തിയ ശേഷം വേദിയില്‍ നിന്ന് മടങ്ങവേയാണ് ബെഹ്‌റ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് കാലിലേക്ക് ചെരുപ്പ് ഇട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത്.

ഉടനെ ഉദ്യോഗസ്ഥന്‍ കുനിഞ്ഞ് നിന്ന് മന്ത്രിയുടെ കാലിലേക്ക് ചെരുപ്പ് ഇട്ടു കൊടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് ജനങ്ങളും, ദൃശ്യമാധ്യമങ്ങളും നോക്കി നില്‍ക്കേയായിരുന്നു മന്ത്രിയുടെ നടപടി.

”ഞാനൊരു വിഐപിയാണ്, ഞാന്‍ ദേശീയ പാതക ഉയര്‍ത്തുന്നു, ഇയാള്‍ (സുരക്ഷാ ഉദ്യോഗസ്ഥന്‍) ഇങ്ങനെ ചെയ്യുന്നു…” സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള മന്ത്രിയുടെ മറുപടി ഇതായിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് മുട്ടിന് പ്രശ്‌നമുണ്ടെന്നും കുനിയാന്‍ സാധിക്കാഞ്ഞതിനാല്‍ ഉദ്യോഗസ്ഥന്റെ സഹായം തേടിയതാണെന്നുമുള്ള വിശദീകരണവുമായി വന്ന യോഗേന്ദ്ര ബെഹ്‌റ വിവാദങ്ങളെ ലഘൂകരിക്കാന്‍ നോക്കിയെങ്കിലും ബിജെപി അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ മന്ത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

അതേസമയം വിവാദനായകനായ മന്ത്രിയെ തിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും വിവാദങ്ങളുടെ നടുവിലാണ്.

സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രമുഖ അഭിഭാഷകനായ മധുസൂദന്‍ ദാസിനെ സ്വാതന്ത്ര്യസമരസേനാനിയെന്ന് വിശേഷിപ്പിച്ചതാണ് മുഖ്യമന്ത്രിക്ക് വിനയായത്.

Top