ഒഡീഷയില്‍ നിന്ന് കഞ്ചാവ് കേരളത്തിലേയ്ക്ക്; പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ്

ആലുവ: ആലുവയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന പ്രധാന കണ്ണിയാണ് ആലുവ എക്സൈസിന്റെ പിടിയിലായത്.ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി ബിജോയ് എന്ന് വിളിക്കുന്ന ബ്രജകിഷോര്‍ റാവുത്ത് (39) ആണ് അറസ്റ്റിലായത്.

ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ഇയാളില്‍ നിന്നും 55 എണ്ണം ചെറു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 500ഗ്രാ കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ ഒഡീഷയില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങിക്കൊണ്ട് വന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, യുവാക്കള്‍ക്കും ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു. ഓഡിഷയില്‍ നിന്ന് കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേയ്ക്ക് മീന്‍ എത്തിച്ച് കൊടുക്കുന്നു എന്ന വ്യാജേനയാണ് ട്രെയിന്‍ മാര്‍ഗ്ഗം ഇയാള്‍ വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

ആലുവ മാര്‍ക്കറ്റിന് സമീപം ഇയാള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വേഷ പ്രച്ഛന്നരായി സംഭവ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. പിടിയിലായെന്ന് മനസ്സിലായതോടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകള്‍ അടങ്ങിയ സഞ്ചി വലിച്ചെറിയാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം തടഞ്ഞു.

ക്രിസ്മസ് പുതുവല്‍സരത്തോട് അനുബന്ധിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വിവരശേഖരണത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്. മയക്ക് മരുന്ന് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപി അറിയിച്ചു.

Top