കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് നിരീക്ഷണം നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഒഡീഷ സര്‍ക്കാര്‍ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് പ്രവേശനം അനുവദിക്കൂ. വീട്ടിലോ താല്‍കാലിക മെഡിക്കല്‍ ക്യാമ്പുകളിലോ ക്വാറന്റീനില്‍ തുടരണമെന്നും സ്‌പെഷന്‍ റിലീഫ് കമീഷണര്‍ പി.കെ. ജെന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശേഖരിച്ച കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ പേരും വിവരങ്ങളും കലക്ടര്‍മാര്‍ക്കും മുനിസിപ്പല്‍ കമീഷണര്‍മാര്‍ക്കും കൈമാറിയതായും അവരുടെ സ്ഥലവും യാത്രാവിവരങ്ങളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്യണം. കൂടാതെ തീര്‍ച്ചയായും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം’ -ഉത്തരവില്‍ പറയുന്നു. ആശ വര്‍ക്കര്‍മാര്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കുമായിരിക്കും ഇവരുടെ നിരീക്ഷണ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top