ഒഡീഷയെ ഭീതിയിലാഴ്ത്തി ഫോനി ചുഴലിക്കാറ്റ്; മരണസംഖ്യ മൂന്ന്, കനത്ത ജാഗ്രതാ നിര്‍ദേശം. . .

ഭുവനേശ്വര്‍: ഒഡീഷയെ ഭീതിയിലാഴ്ത്തിയ ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒഡീഷ തീരത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

മൂന്നു മണിക്കൂര്‍ കൂടി ഫോനി ചുഴലിക്കാറ്റ് ശക്തമായി തന്നെ തുടരും. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ പൂര്‍ണ്ണമായും ഒഡീഷയിലാണ് ചുഴലിക്കാറ്റ് ഉള്ളത്. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റാണ് ഫോനി. മുപ്പതു വര്‍ഷത്തിനിടെ എത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയില്‍ വന്‍ സന്നാഹം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയിരിക്കുന്നത്. 12 സംഘങ്ങള്‍ ആന്ധ്രാപ്രദേശിലും ആറു സംഘങ്ങള്‍ പശ്ചിമബംഗാളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ മുപ്പതിലധികം സംഘങ്ങള്‍ ഏത് സാഹചര്യവും നേരിടാനായി സദാസമയവും തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.

വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ഒഡിഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കൊടുങ്കാറ്റിനെ നേരിടാന്‍ ബംഗ്ലാദേശ് സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു.

Top