ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി; ലോക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനം

ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുന്നത്.മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് റെയില്‍, വ്യോമ സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒഡീഷയില്‍ 42 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍.ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Top