കേരളം അതിജീവിച്ചത് ഒഡീഷക്കായില്ല ! പിണറായി ഹീറോ ആകുന്നത് ഇങ്ങനെ…

പ്രകൃതി ദുരന്തം അടക്കം എന്തു ദുരന്തം സംഭവിച്ചാലും അത് അതിജീവിക്കാന്‍ ആദ്യം നാടിന് വേണ്ടത് ആത്മവിശ്വാസമാണ്. അതിന് ചങ്കുറപ്പും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണകൂടത്തിന്റെ പിന്‍തുണയും അനിവാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് മഹാപ്രളയത്തെ എളുപ്പത്തില്‍ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞത്.

മത്സ്യതൊഴിലാളികളെ അവസരത്തിനൊത്ത് രംഗത്തിറക്കാനുള്ള തീരുമാനമാണ് ആളപായം കുറക്കുന്നതില്‍ നിര്‍ണ്ണായക ഘടകമായത്. പൊലീസും ഫയര്‍ഫോഴ്‌സും മുതല്‍ സകല സര്‍ക്കാര്‍ സംവിധാനങ്ങളും നാട്ടുകാര്‍ക്കൊപ്പം നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

കേരളം നേരിട്ട പ്രളയം നാം എങ്ങനെ ഫലപ്രദമായി അതിജീവിച്ചു എന്നതിന്റെ വ്യാപ്തി അറിയാന്‍ ഒഡീഷയിലേക്ക് ഒന്നു കണ്ണോടിക്കണം. ഫോനി ചുഴലിക്കാറ്റ് വിതച്ച് 11 ദിവസം കഴിഞ്ഞിട്ടും ഒഡീഷ ഇതുവരെ സാധാരണ നിലയിലായിട്ടില്ല. മത്സ്യതൊഴിലാളി ഗ്രാമങ്ങളില്‍ ദുരിതാശ്വാസ സാമഗ്രഹികളുമായി പോകുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പോലും ഇവിടെ ആക്രമിക്കപ്പെടുന്നു.

സ്വന്തം പട്ടിണി മാറ്റാനും പ്രിയപ്പെട്ടവര്‍ക്ക് ഒരിറ്റ് വെള്ളം കൊടുക്കാനും സമനില തെറ്റിയ ജനങ്ങള്‍ നടത്തുന്ന ആക്രമണങ്ങളാണിത്. ഫോണും വൈദ്യുതിയൊന്നുമില്ലാതെ ഒഡീഷയിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റായ ഫഹദ് മര്‍സൂക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒഡീഷയിലെ ഈ ഭീകരത വെളിപ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 24നാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്നത്.ഏപ്രില്‍ 29ന് ഇതു സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഒഡീഷക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

പല തവണ ചുഴലിക്കാറ്റിനെ നേരിട്ട ജനതയും 18 വര്‍ഷമായി ഭരണം നടത്തുന്ന മുഖ്യമന്ത്രിയും മുന്‍ കരുതല്‍ നടപടിയും വേഗത്തിലാക്കി 14 ലക്ഷം പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നത്. എന്നിട്ടും 64 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, 1.5 ലക്ഷം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങളും മരണസംഖ്യയും ഇനിയും കൂടാനാണ് സാധ്യത.

പട്ടിണി കിടന്നും ഒറ്റപ്പെട്ടും ആകെ പരിഭ്രാന്തിയിലാണ് ഒഡീഷയിലെ ജനത. അനുഭവസമ്പത്തുള്ള മുഖ്യമന്ത്രി പോലും നിസഹായവസ്ഥയില്‍ നില്‍ക്കുന്ന ഒരവസ്ഥ. അതി ഭീകരമാണ് കാര്യങ്ങള്‍. അതിജീവനത്തിന് കരുത്ത് പകരാന്‍ ഒരു കൈ സഹായം തേടി വിലപിക്കുന്ന തീരദേശ നിവാസികളുടെ കണ്ണീരു കാണാന്‍ ഇവിടെ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.

ആള്‍ പൊക്കത്തിനും അപ്പുറം വെള്ളത്തില്‍ മുങ്ങിയ ദിവസങ്ങള്‍ നമുക്കുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയത്തെ അതിജീവിക്കാന്‍ 15 ലക്ഷം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇത്തരം ദുരന്തം നേരിട്ട ഒരു മുന്‍പരിചയം പോലും ഇല്ലാതിരുന്നിട്ടും അതിജീവനത്തിന് നമുക്ക് കരുത്തായത് ഈ നാടിന്റെ ഒരുമ മൂലമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചത് കൊണ്ട് കൂടിയാണ്.

ഭക്ഷണത്തിനു വേണ്ടി ഇവിടെ ആരും ആരെയും ആക്രമിക്കേണ്ടി വന്നിട്ടില്ല, എല്ലാം സുലഭമായി സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാംപുകളിലും വീടിന്റെ ടെറസുകളിലും എത്തിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ക്രൈസസ് മാനേജറായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയത്. തന്റെ ജനതക്കു വേണ്ടി ആരുടെ മുന്നിലും കൈ നീട്ടാനും അദ്ദേഹം മടിച്ചില്ല.

എല്ലാ വൈര്യങ്ങളും മറന്ന് നാടിന്റെ രാഷ്ട്രീയ നേതൃത്വം തന്നെ ഒന്നായി മാറി. ഒറ്റ മനസ്സായി സകല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അണികളും രംഗത്തിറങ്ങി. ദുരന്തമുഖത്ത് എങ്ങനെയാകണം രാഷ്ട്രീയ നേതൃത്വമെന്നു കൂടി ലോകത്തിന് കാണിച്ച് കൊടുക്കാന്‍ കേരളത്തിന് സാധിച്ചു.

വൈദ്യുതി ബന്ധം ഞൊടിയിടയില്‍ പുന:സ്ഥാപിച്ചും ചെളി നിറഞ്ഞ വീടുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വൃത്തിയാക്കിയും കേരളം ലോകത്തിനു മുന്നില്‍ വിസ്മയമാണ് സൃഷ്ടിച്ചത്. മുണ്ട് മടക്കി കുത്തി മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതോടെ ഐ.പി.എസുകാരും ഐ.എ.എസുകാരും നാട്ടുകാര്‍ക്കൊപ്പം കൂടി അതിജീവന പാത സുഗമമാക്കി.

ഈ ഒത്തൊരുമ , ദീര്‍ഘവീക്ഷണം, പ്രായോഗിക ഇടപെടലുകള്‍ ഇതെല്ലാം കൈമോശം വന്നത് കൊണ്ടാണ് ഒഡീഷ ഇപ്പോള്‍ കരയുന്നത്. ഈ കണ്ണീരിന് അറുതി വരുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും ബാധ്യതയുണ്ട്. ആ ജനതക്ക് അതിജീവനത്തിനുള്ള സഹായം അനിവാര്യമാണ്.

ഒപ്പം നമുക്ക് അതിജീവനത്തിന് കരുത്ത് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളെയും ഓര്‍ക്കാതെ പോകരുത്. കേരളത്തില്‍ പ്രളയത്തിന് ശേഷം സര്‍ക്കാറിനെ പ്രതികൂട്ടിലാക്കാന്‍ മത്സരിച്ചവര്‍ ഒഡീഷയിലേക്ക് ഇപ്പോള്‍ ഒന്നു നോക്കുക , നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലങ്കില്‍ എല്ലാം വ്യക്തമാകും.

Express Kerala View

Top