വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് പുറപ്പെടാനിറങ്ങിയ നവവധു കുഴഞ്ഞ് വീണ് മരിച്ചു

ഭുവനേശ്വര്‍: കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞു വീണ് മരിച്ചു. വരന്റെ വീട്ടിലേക്ക് പോകുന്ന ‘ബിഡായ്’ എന്ന ചടങ്ങിനിടയില്‍ കരഞ്ഞുതളര്‍ന്ന യുവതി ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡീഷയിലെ സോനേപുര്‍ ജില്ലയില്‍ മരണം നടന്നത്. ഗുപ്‌തേശ്വരി സഹു എന്ന റോസിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു ജുലുണ്ട സ്വദേശിയായ റോസിയും തെതെലഗാവ് സ്വദേശിയായ ബിസികേസനുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം മകളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റോസിയുടെ കുടുംബക്കാര്‍. യാത്ര ചോദിക്കാന്‍ തുടങ്ങിയ യുവതി നിര്‍ത്താതെ കരയുകയായിരുന്നു.

കരഞ്ഞുതളര്‍ന്ന യുവതി കുഴഞ്ഞു നിലത്തുവീഴുകയും ചെയ്തു. ഉടന്‍ തന്നെ ബന്ധുക്കള്‍ കയ്യും കാലും തിരുമ്മിയും മുഖത്ത് വെള്ളം തളിച്ചും ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെ ബന്ധുക്കള്‍ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Top