കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ

ഭുവനേശ്വര്‍: കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് രണ്ടര കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. കോവിഡ് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക.

വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് നല്‍കുക. മരിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു.

മരിച്ചവരില്‍ നാലു പേര്‍ ഭുവനേശ്വറില്‍ നിന്നും ഏഴു പേര്‍ ഗന്‍ജാമില്‍ നിന്നുമാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ബലങ്കിറില്‍ നിന്നും മൂന്നും, ജാജ്പൂരില്‍ നിന്നും രണ്ടു പേരും കാലാഹാണ്ഡിയില്‍ നിന്നും ഒരാളുമാണ് മരിച്ചത്.

മാധ്യമപ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നാണ് സാമ്പത്തിക സഹായം അനുവദിക്കുക. സഹായപ്രഖ്യാപനത്തിന് ശേഷവും അപേക്ഷകള്‍ എത്തിയതായും, ശരിയായ അന്വേഷണത്തിനു ശേഷം ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

Top