ഭക്ഷണം കഴിച്ചില്ല; നാല് വയസുകാരിയെ രക്ഷിതാക്കളുടെ സുഹൃത്ത് കമ്പി ചൂടാക്കി പൊള്ളിച്ചു

child

ബെര്‍ഹാംപുര്‍ (ഒഡിഷ): ഭക്ഷണം കഴിക്കാത്തതിന് ശിക്ഷയായി നാല് വയസുകാരിയെ മാതാപിതാക്കളുടെ സുഹൃത്ത് ഇരുമ്പ് കമ്പി ചൂടാക്കി ദേഹത്ത് പൊള്ളിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ മാതാപിതാക്കളുടെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയ പെണ്‍കുട്ടിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒഡിഷയിലെ ബെര്‍ഹാംപുരിലാണ് സംഭവം.

പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ എം.കെ.സി.ജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. എന്നാല്‍ ഇന്നലെ പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞങ്ങളുടെ സുഹൃത്തിന്റെ കുഞ്ഞുമായി കളിക്കാന്‍ മകള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവരുടെ വീട്ടില്‍ മകളെ താമസിക്കാന്‍ അയച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാല്‍ അവര്‍ മകളോട് ഇത്രയ്ക്കും ക്രൂരത കാണിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത പ്രതിയുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Top