വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഓസ്‌ട്രേലിയക്ക് ജയം

ടി-20 പരമ്പര പരാജയപ്പെട്ടതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. അവസാന മത്സരത്തില്‍ 6 വിക്കറ്റിനു വിജയിച്ചാണ് ഓസീസ് പരമ്പര ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 45.1 ഓവറില്‍ 152 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 30.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് (3 വിക്കറ്റ്), മാത്യു വെയ്ഡ് (51), ആഷ്ടണ്‍ ആഗര്‍ (2 വിക്കറ്റും 19 റണ്‍സും) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

55 റണ്‍സ് നേടി പുറത്താവാതെ നിന്ന ഓപ്പണര്‍ എവിന്‍ ലൂയിസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്തുനിന്നത്. ഷായ് ഹോപ്പ് (14), ഷിംറോണ്‍ ഹെട്‌മെയര്‍ (6), ഡാരന്‍ ബ്രാവോ (18), നിക്കോളാസ് പൂരാന്‍ (3), കീറോണ്‍ പൊള്ളാര്‍ഡ് (11), ജേസന്‍ ഹോള്‍ഡര്‍ (5), അല്‍സാരി ജോസഫ് (15), ഹെയ്‌ഡെന്‍ വാല്‍ഷ് (7), അകീല്‍ ഹൊസൈന്‍ (3), ഷെല്‍ഡന്‍ കോട്രല്‍ (0) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹേസല്‍വുഡ്, ആഷ്ടന്‍ ആഗര്‍, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആഷ്ടണ്‍ ടേണര്‍ക്ക് ഒരു വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ രണ്ട് വിക്കറ്റുകള്‍ വേഗം വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് തിരിച്ചടിച്ചെങ്കിലും അലക്‌സ് കാരി (35), മിച്ചല്‍ മാര്‍ഷ് (29) എന്നിവര്‍ക്കൊപ്പം മാത്യു വെയ്ഡ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ ഓസീസ് ജയം കുറിയ്ക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 4-1നാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

 

Top