ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

പൂനെ: പൂനെയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് ഓവര്‍ ബാക്കി നില്‍ക്കെ മറികടന്നു. ശിഖര്‍ ധവാന്റെയും (64) ദിനേഷ് കാര്‍ത്തിക്കിന്റെയും (പുറത്താകാതെ 64) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. സ്‌കോര്‍: ന്യൂസിലന്‍ഡ്- 230-9 (50), ഇന്ത്യ-232-4 (46).

രോഹിത് ശര്‍മയും (7) കോഹ്ലിയും (29) വേഗം പുറത്തായ ശേഷം കാര്‍ത്തിക്ക് ക്രീസില്‍ നിലയുറപ്പിച്ചതാണ് വിജയത്തില്‍ നിര്‍ണായകമായത്. ധവാനുമായും ഹാര്‍ദിക് പാണ്ഡ്യയുമായി കാര്‍ത്തിക്ക് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ ധവാനും കാര്‍ത്തിക്കും 66 റണ്‍സാണ് അടിച്ചെടുത്തത്. ധവാന്‍ പുറത്തായ ശേഷം ഹാര്‍ദിക് പാണ്ഡ്യയുമായി കാര്‍ത്തിക്ക് 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയ റണ്‍ കുറിച്ചതും കാര്‍ത്തിക്കായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 230 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന്റെ തുടക്കം നന്നായില്ല. റണ്‍സ് ഒഴുകുമെന്ന് പ്രവചിച്ചിരുന്ന പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ കിവീസ് ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടി. സ്‌കോര്‍ 27-ല്‍ എത്തിയപ്പോള്‍ തന്നെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മുണ്‍റോ എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തിലെ വിജയശില്പികളായ ടോം ലാതം, റോസ് ടെയ്ലര്‍ എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടെയ്ലര്‍ 21 റണ്‍സിനും ലാതം 38 റണ്‍സിനും പുറത്തായി.

ഇവര്‍ മടങ്ങിയ ശേഷം വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 230-ല്‍ എത്തിച്ചത്. ഹെന്‍ട്രി നികോള്‍സ് (42), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (41) എന്നിവരാണ് കിവീസിനെ കരകയറ്റിയത്. അവസാന ഓവറുകളില്‍ ടിം സൗത്തി (25) നടത്തിയ പോരാട്ടം കിവീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ നേടി.

Top