ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തി; പ്രതിഷേധവുമായി വിശ്വാസികളും, സംഘര്‍ഷം

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി പൊലീസ് എത്തി. പള്ളിയങ്കണത്തില്‍ പ്രതിഷേധിച്ചെത്തിയ യാക്കോബായ വിശ്വാസികള്‍ പോലീസിനെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമായി.

കോടതി ഉത്തരവ് പ്രകാരം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കാനിരിക്കെയാണ് പോലീസ് പള്ളി ഏറ്റെടുക്കാനെത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്.

സ്ഥലത്ത് യാക്കോബായ വിശ്വാസികളും വൈദികരുമടക്കമുള്ള ഒരു സംഘം പൊലീസിനെതിരെ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. വിശ്വാസികളെ ബലമായി പിടിച്ചുമാറ്റി പള്ളിയില്‍ കയറാന്‍ പോലീസ് ശ്രമിച്ചെങ്കിലും കൂടുതല്‍ ആളുകള്‍ എത്തിയതിനെ തുടര്‍ന്ന് സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

ആദ്യഘട്ടത്തില്‍ പോലീസ് ഗെയ്റ്റ് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചിരുന്നു.ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പള്ളിയുടെ മതില്‍ ചാടിക്കടന്ന് അകത്തുള്ളവരെ പുറത്തേക്ക് മാറ്റാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ പിരിഞ്ഞ് പോകില്ലെന്നും പള്ളി മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ഉറച്ച നിലപാട്. അതേസമയം കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഏറെക്കാലമായി യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. വിധി നടപ്പായി കിട്ടുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Top