യുദ്ധക്കപ്പല്‍ കരാര്‍ ; ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയില്‍ യുദ്ധക്കപ്പല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമാണ് കരാര്‍ ഒപ്പിടുന്നത്.

കപ്പല്‍ നിര്‍മാണ കരാര്‍ കൂടാതെ 39,000 കോടിയുടെ റഷ്യന്‍ എസ്400 പ്രതിരോധ മിസൈല്‍ പദ്ധതിയുടെ മറ്റൊരു കരാറും ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ക്രിവാക്/തല്‍വാര്‍ ശ്രേണിയിലെ നാലു കപ്പലുകളാണ് റഷ്യ നിര്‍മിക്കുന്നത്.

ഇന്ത്യയ്ക്കു വേണ്ടി ഈ ശ്രേണിയിലെ ആറു കപ്പലുകള്‍ റഷ്യ മുമ്പ്‌ നിര്‍മിച്ച് നല്‍കിയിരുന്നു. കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയിലെ യാന്തര്‍കപ്പല്‍ നിര്‍മാണശാലയിലും ,രണ്ടെണ്ണം ഗോവയിലെ നിര്‍മാണശാലയിലുമാവും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.

കരാറിന്റെ പ്രാഥമിക രൂപരേഖ ഇരു രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിക്കഴിഞ്ഞതായി ശേഖര്‍ മിത്തല്‍ അറിയിച്ചു. ഗോവ കപ്പല്‍ നിര്‍മാണശാലയുടെ ചെയര്‍മാനാണ് മിത്തല്‍. കരാര്‍ ഒപ്പിട്ട് നാലു വര്‍ഷത്തിനുള്ളില്‍ രണ്ടു കപ്പലുകളുടെ പണി പൂര്‍ത്തിയാക്കി റഷ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന കപ്പലുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ഏഴു വര്‍ഷത്തോളം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ നിര്‍മിത ആറു കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തമായുണ്ട്. പുതിയതായി നിര്‍മിക്കുന്ന കപ്പലുകളില്‍ യുക്രൈന്‍ നിര്‍മിത ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളാണ് ഉണ്ടാകുന്നത്. എസ്400 മിസൈലുകള്‍ക്ക് 400 കിലോ മീറ്റര്‍ വ്യോമപരിധിയിലെത്തുന്ന ജെറ്റുകളെയും മിസൈലുകളയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

Top