ഓഖി മുന്നറിയിപ്പ്: മോദിയുടെയും രാഹുലിന്റെയും തിരഞ്ഞെടുപ്പ് റാലികള്‍ മാറ്റി

modi-rahul

ന്യൂഡല്‍ഹി: കേരളത്തിലടക്കം കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികള്‍ മാറ്റിവച്ചു.

സൂറത്തില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ റാലി മാറ്റിവച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്കാണ് മാറ്റിയിട്ടുള്ളത്. രാഹുല്‍ഗാന്ധി പങ്കെടുക്കാനിരുന്ന മൂന്ന് റാലികളാണ് മാറ്റിവച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പി എം.പി മനോജ് തിവാരി എന്നിവരുടെ റാലികളും മാറ്റിവച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ കെടുതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നുണ്ടെന്നും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സൂററ്റില്‍ നിന്നും 390 കിലോമീറ്റര്‍ അകലെയാണ് ഓഖിയുള്ളത്. ചൊവ്വാഴ്ച രാത്രിയോടെ ഓഖി സൂററ്റില്‍ ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Top