ഓഖി ദുരന്തം ; 197 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട 197 മത്സ്യതൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടില്ലെന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

ബോട്ടില്‍ പോയ മത്സ്യതൊഴിലാളികള്‍ ക്രിസ്മസിനു രണ്ടു ദിവസം മുന്‍പു മടങ്ങിയെത്തുമെന്ന പ്രതീക്ഷയ്ക്കു ശേഷമുള്ള അന്തിമ കണക്കാണ് റവന്യു വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്.

ഇതുവരെ 74 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 32 പേരെ തിരിച്ചറിയാനായി. തിരുവനന്തപുരത്ത് 28, കൊല്ലത്ത് നാല്.

മറ്റുള്ളവരെ ഇനിയും തിരിച്ചറിയാനുണ്ട്. എഫ്‌ഐആറോടു കൂടിയ കാണാതായവര്‍ 164 പേരുണ്ട്. ഇതില്‍ 132 പേര്‍ മലയാളികളും 30 പേര്‍ തമിഴ്‌നാട്ടുകാരും രണ്ടു പേര്‍ അസം സ്വദേശികളുമാണ്.

എഫ്‌ഐആര്‍ ഇല്ലാതെ കാണാതായവരുടെ കണക്കില്‍ 33 പേരുണ്ട്. കാണാതായവരില്‍ കൂടുതല്‍ തിരുവനന്തപുരത്താണ്, 132 പേര്‍.

കൊല്ലത്ത് പത്തു പേരെയും എറണാകുളത്ത് 32 പേരെയും കണ്ടെത്താനുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും അടക്കം 80 എണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്.

ഇതില്‍ 62 എണ്ണം തിരുവനന്തപുരത്തു നിന്നുള്ളവയാണ്. കൊല്ലത്തു നാലെണ്ണവും എറണാകുളത്ത് 14 എണ്ണവും കണ്ടെത്താനുണ്ട്.

Top