ഓഖി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു, കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ലക്ഷദീപിലെ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് ഓഖി നീങ്ങികൊണ്ടിരിക്കുകയാണ്.കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിക്കുന്ന മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്നലെ രാത്രിയോടെ കനത്ത കടലാക്രമണമുണ്ടായി. ഇതേതുടര്‍ന്ന് തീരപ്രദേശത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കേരളത്തിന്റെ തീരമേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഓഖിയുടെ പ്രഹരത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദീപ്. ആശയവിനിമയ സംവിധാനങ്ങളടക്കമുള്ളവ തകര്‍ന്നു. കല്‍പ്പേനി ദ്വീപിലെ ഹെലിപ്പാഡും കടല്‍ ഭിത്തിയും ഭാഗികമായി കടലെടുത്തു. കനത്ത കാറ്റില്‍ ലൈറ്റ് ഹൗസിനും കേടുപാട് സംഭവിച്ചു. കടല്‍ തീരത്ത് കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Top