ഓഖി ദുരന്തം ; കോടികള്‍ പിരിച്ചെടുത്ത സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് ബി.ജെ.പി

ആലപ്പുഴ : ഓഖി ദുരന്തത്തിന്റെ പേരു പറഞ്ഞ് ജീവനക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്ത സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ദുരന്ത ബാധിതരെ തീര്‍ത്തും അവഗണിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍.

സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ദുരന്തം ഇത്രയേറെ വലുതാകാന്‍ കാരണം എന്നിരിക്കേ ദുരന്ത ബാധിതര്‍ നല്‍കിയ അപേക്ഷകള്‍ പോലും സര്‍ക്കാര്‍ നാളിതുവരെ വേണ്ടപോലെ പരിഗണിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ പോലും സാമ്പത്തിക നേട്ടമായി കാണുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിന്റെ നൂറാം ദിനത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കാട്ടൂരില്‍ 100 ദീപം തെളിയിക്കുന്നത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.വി. ജോയ് അദ്ധ്യക്ഷത വഹിച്ചു.

Okhi 100 - 2

കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വിവിധ ഫണ്ടുകളുടെ ആകെ തുക മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് വീതിച്ചു നല്‍കിയിരുന്നു എങ്കില്‍ ഓരോ മത്സ്യതൊഴിലാളിയും ആദായനികുതി അടയ്ക്കുന്നവരായി മാറിയേനെ. കാട്ടൂര്‍ കടലോര മേഖല ഇന്നും ഭീഷണിയിലാണ് ജീവിക്കുന്നതെന്നും കരിങ്കല്‍ കടല്‍ ഭിത്തിയും പുലിമുട്ടുകളും നിര്‍മ്മിക്കേണ്ടതിനു പകരം കയര്‍ ബാഗുകളില്‍ മണ്ണ് നിറച്ച് കടല്‍ഭിത്തി നിര്‍മിക്കാനുള്ള ധനമന്ത്രിയുടെ ശ്രമം പുതിയ തട്ടിപ്പിനുള്ള തുടക്കമാണെന്നും മുഖ്യ പ്രഭാഷണത്തില്‍ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഉമേഷ് സേനാനി, പാതിരപ്പള്ളി മേഖലാ പ്രസിഡന്റ് ജി. മുരളീധരന്‍, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ജി. മോഹനന്‍, ബിന്ദു വിലാസന്‍, ജില്ലാ കമ്മറ്റി അംഗം സി.പി. മോഹനന്‍, ഏരിയ ഭാരവാഹികളായ കെ.ആര്‍.പുരുഷന്‍, സയറസ്സ് , ബിനു, ശ്രീകാന്ത് എന്നിവരും സംസാരിച്ചു.

Top