ഓഖി കളമൊഴിഞ്ഞിട്ടും വിട്ടൊഴിയാതെ ദുരന്തം ; മരണസംഖ്യ ഉയരുന്നു

okhi

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് പതിനൊന്ന്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

ഇതോടെ കേരളത്തില്‍ മരണം 26 ആയി.

ഇന്ന് 94 പേരെയാണ് നേവിയും, കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

നേവി രക്ഷപ്പെടുത്തിയ നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 മല്‍സ്യത്തൊഴിലാളികളെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു.

കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച 19 പേരെ കൊച്ചി ചെല്ലാനത്തും എത്തിച്ചു. നേവി രക്ഷപെടുത്തിയ 22 തൊഴിലാളികളുമായുള്ള കപ്പല്‍ ബേപ്പൂരിലെത്തും.

അതേസമയം, പൂന്തുറയില്‍ നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് ബോട്ടുകള്‍ കണ്ണൂര്‍ തീരത്തെത്തിയിട്ടുണ്ട്. ഇതില്‍ 28 മല്‍സ്യതൊഴിലാളികളാണുള്ളത്.

എന്നാല്‍, ഇനി രക്ഷപ്പെടുത്താനുള്ളത് 90 പേരെയാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു.

ഇനിയും മടങ്ങിവരാനാകാതെ കടലില്‍ കുടുങ്ങിയവരെ തിരഞ്ഞ് രാവിലെ മത്സ്യതൊഴിലാളികള്‍ തിരച്ചിലിന് ഇറങ്ങി.

തിരുവനന്തപുരം പൂന്തുറയില്‍ നിന്നും നാല്‍പതും വിഴിഞ്ഞത്തു നിന്ന് പതിനഞ്ചും വള്ളങ്ങളിലായി നൂറിലേറെ മല്‍സ്യതൊഴിലാളികളാണ് കടലിലേക്ക് പുറപ്പെട്ടത്.

തിരച്ചില്‍ തുടങ്ങി 15 മിനുട്ടിനകം ഒരു മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കരക്കെത്തിച്ചു.

നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിവരുന്ന തിരച്ചില്‍ രണ്ടു ദിവസം പിന്നിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍ നേരിട്ടിറങ്ങിയത്.

ഭക്ഷണം, വെള്ളം എന്നിവയ്ക്കുപുറമെ വയര്‍ലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Top