ഓഖി ; കേരളത്തില്‍ 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം, 143 ആണെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ ആകെ കാണാതായത് 661 മത്സ്യത്തൊഴിലാളികളെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍.

കേരളത്തില്‍ നിന്ന് പോയ 261 മത്സ്യത്തൊഴിലാളികളാണ് ഇനിയും തിരച്ചെത്താനുള്ളത്. ഓഖി ചുഴലിക്കാറ്റു മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായതും കേരളത്തിനാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും 400 പേരെ കണ്ടെത്താനുണ്ടെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി.

മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കി.

ഡിസംബര്‍ 20വരെ നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 821 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 24 പേരെ മര്‍ച്ചന്റ് നേവി കപ്പലുകളടക്കമുള്ളവ രക്ഷപ്പെടുത്തി.

ഇതുവരെ രക്ഷപ്പെടുത്തിയവരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി ദ്വീപുകളില്‍ നിന്നുമുള്ളവരാണ്.

അതേസമയം, ഓഖി ദുരന്തനിവാരണത്തിനായി കേന്ദ്രസംഘം അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ധനസഹായം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓഖി ദുരന്തത്തില്‍ 143 പേരെയാണ് കാണാതായതെന്നും, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടി ചേര്‍ത്താണ് കണക്കെന്നും, എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്ര സംഘം അറിയിച്ചിരുന്നു.

കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

എന്നാല്‍, 422 കോടി രൂപയാണ് കേരളം അടിയന്തിര സഹായമായി ആവശ്യപ്പെട്ടിരുന്നത്.

Top