ഓഖി ; കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം അനുവദിക്കുമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ അറിയിച്ചുവെന്നും, കേരളം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പാക്കേജ് അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിലുള്ള മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാര തുക കുറവാണെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.

മാത്രമല്ല, പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കും.

ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.

Top