ഓഖി: കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത്

മുംബൈ: കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായി റിപ്പോര്‍ട്ട്. 952 പേര്‍ ബോട്ടുകളിലുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിനസ് ട്വീറ്റ് ചെയ്തു. സിന്ധുദുര്‍ഗിലെത്തിയതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 2 ബോട്ടുകളും ഉള്‍പ്പെടുന്നുണ്ട്. ബോട്ടുകളിലെ തൊഴിലാളികളെല്ലാം തന്നെ സുരക്ഷിതരാണെന്നും ഫട്‌നാവിസ് അറിയിച്ചു.

അതേസമയം മണുക്കൂറില്‍ 146 കിലോമീറ്റര്‍ വേഗതയിലാഞ്ഞടിക്കുന്ന ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇതുവരെ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കടലില്‍ കുടുങ്ങിക്കിടക്കുന്ന 126ഓളം പേരെ ഇനിയും കണ്ടത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വ്യോമ,നാവിക സേനകളും, കോസ്റ്റ്ഗാര്‍ഡും സംയുക്തമായാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ചുഴലിക്കാറ്റ് മൂലമുണ്ടായ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.ഓഖിയെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top