ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് അറസ്റ്റിലായത്.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് റോഷന്റെ പിതാവ് നവാസ് പറഞ്ഞിരുന്നു.

ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ടെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും റോഷന്റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് പറഞ്ഞു.

അതേസമയം, തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഓച്ചിറ വലിയകുളങ്ങരയില്‍ താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശികളായ കുടുംബത്തിലെ പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകിട്ടാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പിതാവിനെ മര്‍ദിച്ചശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

Top