‘യാത്ര ദുരന്തമായിത്തീരുമെന്ന് ഓഷൻഗേറ്റ് സ്ഥാപകന് അറിയാമായിരുന്നു’; വെളിപ്പെടുത്തൽ

സിഡ്നി : ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെന്നു വെളിപ്പെടുത്തൽ. സ്റ്റോക്ടൻ റഷിന്റെ അടുത്ത സുഹൃത്തായ കാൾ സ്റ്റാൻലിയാണ് ഇക്കാര്യം പറഞ്ഞത്. സ്റ്റോക്ടൻ റഷും അപകടത്തിൽ മരിച്ചിരുന്നു.

‘‘ടൈറ്റൻ സമുദ്രപേടകത്തിലെ യാത്ര അപകടകരമാണെന്നു ഞാൻ സ്റ്റോക്ടൻ റഷിനെ ഓർമിപ്പിച്ചതാണ്. ഈ യാത്ര ഇതുപോലെയേ അവസാനിക്കൂ എന്ന് തീർച്ചയായും അദ്ദേഹത്തിന് അറിയാമായിരുന്നു. രണ്ടു ശതകോടീശ്വരൻമാരെ ഒരുമിച്ച് ഇല്ലാതാക്കിയ അവസാന വ്യക്തിയാണ് അദ്ദേഹം. ശതകോടീശ്വരന്മാരെ കുടുക്കാനുള്ള എലിക്കെണിയാണു സ്റ്റോക്ടൻ രൂപകൽപന ചെയ്തതെന്നാണു ഞാൻ കരുതുന്നത്. അദ്ദേഹം സ്വന്തം ജീവിതവും ഉപഭോക്താക്കളുടെ ജീവിതവും അപകടത്തിലാക്കി.’’– ‘60 മിനിറ്റ്സ് ഓസ്ട്രേലിയ’ എന്ന അഭിമുഖ പരിപാടിയിൽ കാൾ സ്റ്റാൻലി പറഞ്ഞു.

ഏതാണ്ട് രണ്ടു കോടി രൂപ (2.50 ലക്ഷം ഡോളര്‍) വിലയുള്ള ടൈറ്റാനിക് യാത്രയുടെ ടിക്കറ്റുകള്‍ ചൂടപ്പംപോലെയാണു വിറ്റുപോയത്. സ്റ്റോക്ടൻ റഷിനെ കൂടാതെ, ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ എന്നിവരാണു മരണപ്പെട്ടത്.

Top