സമുദ്ര സർവേ: ഇന്ത്യയുമായുള്ള ഉടമ്പടി മാലദ്വീപ് പുതുക്കില്ല

മാലദ്വീപിന്റെ സമുദ്രമേഖലയില്‍ സര്‍വേ നടത്തുന്നതിന് 2019-ല്‍ ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചു. സര്‍വേ നടത്താനാവശ്യമായ ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മാലദ്വീപിന്റെ സമുദ്ര സാമ്പത്തികമേഖലയുടെ (എക്‌സ്‌ക്ലൂസിവ് ഇക്കണോമിക് സോണ്‍-ഇ.ഇ.സെഡ്.) നിയന്ത്രണം ഉറപ്പുവരുത്താന്‍ 24 മണിക്കൂര്‍ നിരീക്ഷണസംവിധാനം സ്ഥാപിക്കുമെന്ന് മുയിസു പറഞ്ഞു. 1192 ദ്വീപുകള്‍ ചേര്‍ന്ന രാജ്യമായതിനാല്‍ മാലദ്വീപിന്റെ ഇ.ഇ.സെഡ്. വളരെ വലുതാണ്.

ഉഭയകക്ഷിബന്ധം വളര്‍ത്താനായി സൈനികസഹായം സൗജന്യമായി നല്‍കാമെന്ന ഉടമ്പടി ചൈനയുമായി മാലദ്വീപ് ഈയിടെ ഒപ്പിട്ടിരുന്നു. ചൈനയുടെ ഗവേഷണക്കപ്പല്‍ ഒരാഴ്ചയോളം മാലെയിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഒഴിവാക്കുകയാണെന്ന മുയിസുവിന്റെ പ്രഖ്യാപനം.

സമുദ്രസര്‍വേ ഉടമ്പടി റദ്ദാക്കുകയാണെന്ന് മുയിസു പരസ്യമായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇതുള്‍പ്പെടെ മുന്‍പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയുമായുണ്ടാക്കിയ നൂറിലേറെ ഉടമ്പടികള്‍ പരിശോധിക്കുകയാണെന്ന് മുയിസു സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സമുദ്രാന്തര്‍ഭാഗത്തെ സവിശേഷതകള്‍ മനസ്സിലാക്കാനുള്ള സര്‍വേയ്ക്കായി ഉപകരണങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാലദ്വീപ് പ്രതിരോധമന്ത്രാലയം. മാലദ്വീപിലെ ഇന്ത്യന്‍ സൈനികസാന്നിധ്യം മേയ് പത്തോടെ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് മുയിസു.

 

Top