കോപൈലറ്റ് ഡിസൈനര്‍ ഉപയോഗിച്ച് അശ്ലീലമായ ഉള്ളടക്കങ്ങള്‍ ; മൈക്രോസോഫ്റ്റ് എഞ്ചിനീയറുടെ മുന്നറിയിപ്പ്

കോപൈലറ്റ് ഡിസൈനര്‍ ഉപയോഗിച്ച് അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഷെയ്ന്‍ ജോണ്‍സ് രംഗത്ത്. പ്രശ്നം ചൂണ്ടിക്കാട്ടി കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡിനും ജനപ്രതിനിധികള്‍ക്കും ഫെഡറല്‍ ട്രേഡ് കമ്മീഷനും ഷെയ്ന്‍ കത്തയച്ചു. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ ഡാല്‍-ഇ ജനറേറ്റര്‍ മോഡലിലെ വിലക്കുകള്‍ മറികടക്കാന്‍ തനിക്കായെന്നും ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചുവെന്നും ഷെയ്ന്‍ ജോണ്‍സ് പറയുന്നു. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ഡിസൈനര്‍ ഉള്‍പ്പടെ വിവിധ എഐ ടൂളുകളില്‍ ഉപയോഗിച്ചിട്ടുള്ളത് ഡാല്‍-ഇ എഐ മോഡലാണ്.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ കോപൈലറ്റ് ഡിസൈനര്‍ പൊതു ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കണം എന്ന് താന്‍ മൈക്രോസോഫ്റ്റിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ബുധനാഴ്ച എഫ്ടിസിയ്ക്ക് നല്‍കിയ കത്തില്‍ ഷെയന്‍ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സുരക്ഷിതമായ എഐ ഉല്പന്നം എന്ന പേരിലാണ് മൈക്രോസോഫ്റ്റ് കോ പൈലറ്റിനെ ജനങ്ങള്‍ക്കിടയില്‍ വിപണനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമല്ലാത്തതും ദോഷകരവുമായ ചിത്രങ്ങള്‍ അത് നിര്‍മിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് കമ്പനി അതി ചെയ്യുന്നതെന്നും ഷെയ്ന്‍ കത്തില്‍ ഉന്നയിക്കുന്നു.

മൈക്രോസോഫ്റ്റ് കോ പൈലറ്റ് ഡിസൈനറില്‍ ഈ വെല്ലുവിളികളെ കുറിച്ച് ഉപഭോക്താക്കളുടെ അറിവിലേക്കായുള്ള ഡിസ്‌ക്ലോഷറുകളും അനിവാര്യമായ മുന്നറിയിപ്പുകളും ഇല്ലെന്നും ഷെയ്ന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍, രാഷ്ട്രീയ പക്ഷപാതിത്വമുള്ളവ, പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം, മയക്കുമരുന്നുപയോഗം, ട്രേഡ് മാര്‍ക്കുകളുടേയും കോപ്പി റൈറ്റുകളുടേയും ദുരുപയോഗം, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തുടങ്ങി വിവിധങ്ങളായ ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ തനിക്ക് കോപൈലറ്റ് ഉപയോഗിച്ച് സാധിച്ചുവെന്ന് ഷെയ്ന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസങ്ങളായി തന്റെ ആശങ്കകള്‍ ഷെയ്ന്‍ കമ്പനി അറിയിക്കുന്നുണ്ട്. ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട് ഷെയ്ന്‍ ജനപ്രതിനിധികള്‍ക്ക് കത്തയച്ചത്. എങ്കിലും ഇതില്‍ നടപടിയുണ്ടായിട്ടില്ല.

Top