ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘തടിയന്‍’ ഭീകരനെ അറസ്റ്റ് ചെയ്ത പോലീസ് കുരുങ്ങി; ജയിലില്‍ എത്തിക്കാന്‍ ട്രക്ക്!

റാഖില്‍ അറസ്റ്റിലായ കുപ്രശസ്തനായ ഇസ്ലാമിക് സ്റ്റേറ്റ് മുഫ്തിയെ ജയിലിലേക്ക് മാറ്റാന്‍ പോലീസിന് ട്രക്ക് വിളിക്കേണ്ടിവന്നു. അടുത്ത മാസങ്ങളില്‍ അറസ്റ്റിലായ ഏറ്റവും മുന്തിയ ഭീകരന്‍മാരില്‍ ഒരാളാണ് ഷിഫാ അല്‍ നിമ. മൊസൂളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന മുഫ്തിയെ ഇറാഖി സുരക്ഷാ സേനകളാണ് കണ്ടെത്തി പുറത്തുചാടിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്വകള്‍ പുറപ്പെടുവിക്കാനും, മതപരമായ വിധികള്‍ നടപ്പാക്കാനും, ഇതുവഴി പണ്ഡിതന്‍മാരെയും, പുരോഹിതന്‍മാരെയും വകവരുത്താനും വഴിയൊരുക്കിയ കുപ്രശസ്തനാണ് ഷിഫാ അല്‍ നിമ. പോലീസ് കാറില്‍ കടത്താന്‍ കഴിയാതെ വന്നതോടെയാണ് ട്രക്കിന്റെ പിന്നില്‍ കയറ്റി ജയിലില്‍ എത്തിക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.

ചുരുങ്ങിയത് 136 കിലോ ഭാരമുള്ള മുഫ്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്, ഇറാഖി പോലീസ് കരുതുന്നത്. അബു അബ്ദുള്‍ ബാറി എന്നറിയപ്പെടുന്ന ഇയാള്‍ മൊസൂളിലെ യൂനസ് പ്രവാചകന്റെ ശവകുടീരം തകര്‍ക്കാന്‍ ഉത്തരവിട്ട വ്യക്തിയാണ്. 2014ലാണ് ഇത് അരങ്ങേറിയത്. ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഒരുപോലെ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്നതായി വിശ്വസിക്കുന്ന മേഖലയാണ് ഇയാള്‍ തകര്‍ത്തത്.

ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രകടനം നടത്തിയ കാലത്ത് പുരുഷന്‍മാരെയും, സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളാന്‍ മുന്നില്‍ നിന്ന മുഫ്തി നിരവധി പേരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി മൃഗമെന്ന വിളിപ്പേരും നേടിയിരുന്നു.

Top