ഒബേദ് മക്കോയ്ക്ക് പരുക്ക്; ജേസന്‍ ഹോള്‍ഡര്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍

മുന്‍ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ടി-20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഇടം നേടി. പരുക്കേറ്റ് പുറത്തായ പേസര്‍ ഒബേദ് മക്കോയ്ക്ക് പകരമാണ് റിസര്‍വ് നിരയിലുണ്ടായിരുന്ന ജേസന്‍ ഹോള്‍ഡറെ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ മക്കോയ് കളിച്ചിരുന്നു. ഒക്ടോബര്‍ 29ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ ഹോള്‍ഡര്‍ 11 അംഗ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.

സൂപ്പര്‍ 12ല്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട വിന്‍ഡീസ് പരുങ്ങലിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെട്ട വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 8 വിക്കറ്റിനും പരാജയപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ച 144 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ വിക്കറ്റ് 2 നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 51 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം പ്രോട്ടീസിന്റെ ടോപ്പ് സ്‌കോററായി.

 

Top