ന്യൂഡല്‍ഹി: രാജ്യത്തെ ഒബിസി പട്ടിക നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പിന്തുണയ്ക്കാന്‍ രാവിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചു. സാമൂഹ്യനീതി മന്ത്രി വീരേന്ദ്രര്‍ കുമാറാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.
ഈ ആശയക്കുഴപ്പം മറികടക്കാനുള്ള ഭരണഘടന ഭേദഗതി പാസ്സാകാന്‍ സഭയില്‍ വോട്ടെടുപ്പ് അനിവാര്യമാണ്. രാവിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രതിപക്ഷ യോഗം ഇതിനോടു മാത്രം സഹകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.